Tuesday, April 20, 2010

മറ്റൊരു മഞ്ഞുകാലം അലിഞ്ഞുതീരുമ്പോള്‍

കാര്യമായ ഒച്ചയനക്കങ്ങള്‍ ഇല്ലാതെ ഒരു ശിശിരം, സാണ്‍ഡാന്‍സ്, മഞ്ഞുവീണ എസ്പ്രസ്സോ പ്രഭാതങ്ങള്‍ മുതലായവ കൈവിരലുകള്‍ക്കിടയിലൂടെ അഴിഞ്ഞുവീഴുകയോ അഥവാ അലിഞ്ഞുതീരുകയോ ചെയ്തു എന്ന് ഞാന്‍ വൈകി വിലപിക്കുന്നു.

വസന്തം, ചില ചില്ലറ തളിര്‍ തണ്ട് എന്നിങ്ങനെ കളിപറഞ്ഞു തുടങ്ങുകയും ചെയ്തിരിക്കുന്നു..

ഈ വേനലത്രയും ഞാന്‍ യാത്രചെയ്ത് കണ്ടുകിട്ടുന്ന വാക്കുകളത്രയും ചേര്‍ത്തു വച്ച് ഒരു വീടോ വില്ലയോ പണിയുമെന്നും, അല്ല ഒരു അപനിര്‍മ്മിതി തന്നെ നടത്തിക്കളയുമെന്നും അറച്ചറച്ച് കുറിച്ചുവക്കുകയും ചെയ്തു.

ചില സാണ്‍ഡാന്‍സ് കുറിപ്പുകള്‍:

കുറിപ്പിനര്‍ഹം എന്നുതോന്നുന്ന രണ്ടു ഡോക്കുമെന്‍ററികളെക്കുറിച്ച് പറയാം.

1. വീട്ടിലേക്കുള്ള അവസാനത്തെ തീവണ്ടി.: ലോകത്തേറ്റവും വലിയ മനുഷ്യ ദേശാടനത്തിന്‍റെ കഥ പറയുന്നു. ചൈനയിലെ ഈ പട്ടണത്തില്‍നിന്നും ലക്ഷക്കണക്കിന് ആളുകള്‍ കുടുംബം ഒത്ത് പുതുവര്‍ഷം കൊണ്ടാടാന്‍ നാട്ടിലേക്ക് പോകുന്നു. ദേശാടനത്തെക്കുറിച്ച് കൈയ്യടക്കത്തോടെ കാണിച്ചുതരിക മാത്രമല്ല, തൊഴില്‍തേടിയുള്ള ഇത്തരം പറിച്ചുനടലുകള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണമായ സാമൂഹിക പ്രതിസന്ധികളും(തലമുറകള്‍ തമ്മിലുള്ളതടക്കം) വിശദീകരിച്ച് വികലമാക്കാതെ പരാമര്‍ശിക്കുകയും ചെയ്യുന്നു. കണ്ടുതീരുമ്പോള്‍ പണത്തേക്കാള്‍ വലിയ ചില മൂല്യങ്ങള്‍ ആണ്(അല്ലെങ്കില്‍ മൂല്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ്) കാഴ്ച്ചക്കാരന്‍ കൂടെക്കൊണ്ടുപോകുക.

ഫെസ്റ്റിവലില്‍ ഏറ്റവും വലിയ കാത്തിരിപ്പുനിര ഉണ്ടായ ഡോക്കുമെന്‍ററി ഇതായിരുന്നു. (അമേരിക്കക്കാര്‍ ‘ക്യു’ എന്ന പദം ഉപയോഗിക്കാറില്ല എന്നും മനസിലായി!)

2. എന്നെ ശരിയാക്കൂ: പലസ്തീനില്‍നിന്നുമുള്ള ഒരു സിനിമാക്കാരന്‍, തന്‍റെ തലവേദനക്ക് ചികിത്സ തേടി മനശ്ശാസ്ത്ര ഉപദേശകന്‍റെ അടുത്ത് എത്തുന്നു. നീണ്ടുപോകുന്ന ഉപദേശ/വിനിമയ രംഗങ്ങളിലൂടെയും ഇടക്ക് വളഞ്ഞു വളഞ്ഞു പോകുന്ന വഴികളിലൂടെയും, പലസ്തീനിന്‍റെ സാമൂഹിക അസ്വസ്ഥതകളും, അതിലൂടെ തീര്‍ത്തൂം ബലഹീനമായ ഒരു സാമൂഹിക സന്‍തുലിതാവസ്ഥയും വിശദീകരിക്കാന്‍ ശ്രമിക്കുന്നു. രംഗങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന ഒട്ടകങ്ങളെപ്പോലെ, തീര്‍ത്തും പതിയെ മുടന്തി നീങ്ങുന്ന ദൃശ്യങ്ങളിലൂടെ കാഴ്ചക്കാരനില്‍ അസ്വസ്ഥത പരത്തുകയും ചെയ്യുന്നു.

ഇത്തവണ നേരത്തെ പാസുകള്‍ തരപ്പെടുത്തിയെങ്കിലും, പ്രതീക്ഷിച്ചത്ര നിലവാരമുള്ള ഇനങ്ങള്‍ പതിവുള്ളത്രയും കണ്ടതായി തോന്നിയില്ല.

ചില ചിത്രങ്ങള്‍:

Monday, January 26, 2009

സണ്‍ഡാന്‍സ്

സണ്‍ഡാന്‍സ് - സ്വതന്ത്ര / സമാന്തര സിനിമകള്‍ക്ക് പേരുകേട്ട ചലച്ചിത്രോത്സവങ്ങളില്‍ ഒന്നാമതു നിരത്തിവക്കാവുന്ന ഒരു വ്യത്യസ്ത ഫെസ്റ്റിവല്‍ അനുഭവം തന്നെ.

അടൂരിന്റെയും മറ്റും സിനിമകളെ മലയാളി പ്രേക്ഷകര്‍ അഥവാ നിരൂപകര്‍ വിളിക്കാറുള്ള സമാന്തരം എന്ന പ്രയോഗം ഇവിടുത്തെ സദസ്സുകളില്‍ അധികം പറഞ്ഞുകേള്‍ക്കാത്ത ഒന്നാണ്


ഏതായാലും, തികച്ചും പരീക്ഷണാത്മകമായ ഒരുപറ്റം ചെറു സിനിമകള്‍ ഒരോ വര്‍ഷവും സണ്‍ഡാന്‍സിനു വേറിട്ട ഒരു ഊര്‍ജ്ജം നല്‍കുന്നുണ്ട്.
ഇതു എന്റെ രണ്ടാമത്തെ ഫെസ്റ്റിവല്‍.

ചില കാഴ്ച്ചകള്‍ :

 

IMG_3648

ഇത് ഒരു സ്കോട്ടിഷ് അനിമേറ്റ്ഡ് ചെറു സിനിമയുടെ ചോദ്യോത്തര രംഗം

 

IMG_3644

ഇത് ടിക്കറ്റിന്‍റ്റെ ഒന്നാം പുറം

 

IMG_3651

തിയേറ്ററിനു വേളിയില്‍ ഒരു കൂട്ടം പാട്ടുകാര്‍

ഇന്നത്തോടെ അവസാനിച്ചു.

Saturday, January 24, 2009

നീല

 

IMG_3703

നീല മഷി നിറച്ച പേനയില്‍നിന്നും
നീല മിഴികള്‍ നീലാകാശം
നിലനിലയായ്
നിലാവിന്റെ നിലക്കണ്ണാടിയില്നിന്നും
നിലക്കാത്ത നീലോല്പലഛായ

Saturday, November 24, 2007

തൂലിക മ‌‌‌‌‌‌ൃദുലമായതെങ്ങനെ:
തൂലിക എന്നത് മ‌‌‌‌‌‌ൃദുലമായ ഒരു വാങ്മയ ചിത്രമാണു മനസ്സില്‍ പതിപ്പിക്കുന്നത്. അണ്ണാന്‍ രോമങ്ങള്‍ ചേര്‍ത്തുവച്ച ഒരു പഴയ പെയിന്‍റിങ് ബ്രഷ് മുഖത്തുകൂടി ചലിപ്പിക്കുന്ന സ്പര്‍ശാനുഭവം ഓര്‍മയില്‍ ഉണര്‍ത്തുന്നു.
Soothing stylus എന്നത് പണ്ടെപ്പോഴോ മനസ്സില്‍ വന്ന ഇമേജ് ആണ്. ഒരു പപ്പൈറസ് ചരിത്ര രേഖയായോ, സര്‍ റിയലിസ്റ്റിക് ചിത്രമായോ ഈ ഇമേജ് സംവദിക്കപ്പെടേണ്ടതാണ്.
ഇവിടെയാണ്, പരിഭാഷ എന്ന കുഴപ്പിക്കുന്ന ഒരു ആശയവിനിമയ സംവിധാനം അതിന്‍റ ഗുണമേന്മ പരീക്ഷിക്കുന്നത്.

വിവര്‍ത്തനത്തില്‍ സംവേദനക്ഷമതയും പാരായണക്ഷമതയും തമ്മിലുള്ള ബലഹീനമായ ഒരു സന്തുലിതാവസ്ത എപ്പോഴും നിലവിലുണ്ട്.
soothing എന്നത്, ഒരു തൊട്ടു തലോടലോ, കുളിര്‍കാറ്റോ പോലെ വ്യക്തിപരമായ അനുഭവമാണ് വിശദീകരിക്കുന്നത്.
എന്നാല്‍ ഊര്‍ജ്ജസ്വലമായ ചിന്തകള്‍ക്കും അതേ അനുഭവം സൃഷ്ടിക്കാന്‍ കഴിയും.

ഇപ്പോള്‍ പ്രശ്നം തത്തുല്യമായ ഒരു പദം കണ്ടെത്തുക എന്നതിലുപരി, പാരായണക്ഷമതയെ വേദനിപ്പിക്കാതിരിക്കുക എന്ന ഉത്തരവാദിത്തമാണ്.
അങ്ങനെ അനുഭവങ്ങളുടെ നാള്‍വഴികളിലൂടെ കടന്നു പോകുന്നതിന്, തൂലിക മ‌‌‌‌‌‌ൃദുലമാക്കാന്‍ തീരുമാനിച്ചു.

പ്രശ്നമില്ല എന്നൊരു പ്രശ്നമില്ലാതിരുന്നാല്‍ മതി.

Friday, November 23, 2007

മുന്‍കൂര്‍ ജാമ്യം:

എഴുത്ത് ഏറെ പ്രിയപ്പെട്ട ഒരു നേരമ്പോക്ക് ആണെങ്കിലും അതിനു പറ്റിയ ഒരു കാലാവസ്ഥ ഇല്ലാത്തതുകൊണ്ടും, അസാരം മടി മേമ്പൊടിയായി ഉള്ളതുകൊണ്ടും, ഈ കറുത്ത താളില്‍ തികച്ചും പ്രകാശമാനമായത് ഒന്നും തന്നെ കണ്ടില്ലെങ്കില്‍ ദയവായി ക്ഷമിക്കുക.

യാത്രക്കുറിപ്പുകള്‍ ആണെങ്കിലും വഴിവിട്ടു സഞ്ചരിക്കാന്‍ തയ്യാറായിക്കൊള്ളുക.
നേരമില്ലാത്തവന്റെ നേരമ്പൊക്കുകളായി കണ്ടാല്‍ മതി.