കാര്യമായ ഒച്ചയനക്കങ്ങള്‍ ഇല്ലാതെ ഒരു ശിശിരം, സാണ്ഡാന്സ്, മഞ്ഞുവീണ എസ്പ്രസ്സോ പ്രഭാതങ്ങള്‍ മുതലായവ കൈവിരലുകള്‍ക്കിടയിലൂടെ അഴിഞ്ഞുവീഴുകയോ അഥവാ അലിഞ്ഞുതീരുകയോ ചെയ്തു എന്ന് ഞാന്‍ വൈകി വിലപിക്കുന്നു.
വസന്തം, ചില ചില്ലറ തളിര് തണ്ട് എന്നിങ്ങനെ കളിപറഞ്ഞു തുടങ്ങുകയും ചെയ്തിരിക്കുന്നു..
ഈ വേനലത്രയും ഞാന്‍ യാത്രചെയ്ത് കണ്ടുകിട്ടുന്ന വാക്കുകളത്രയും ചേര്‍ത്തു വച്ച് ഒരു വീടോ വില്ലയോ പണിയുമെന്നും, അല്ല ഒരു അപനിര്‍മ്മിതി തന്നെ നടത്തിക്കളയുമെന്നും അറച്ചറച്ച് കുറിച്ചുവക്കുകയും ചെയ്തു.
ചില സാണ്ഡാന്സ് കുറിപ്പുകള്‍:
കുറിപ്പിനര്ഹം എന്നുതോന്നുന്ന രണ്ടു ഡോക്കുമെന്ററികളെക്കുറിച്ച് പറയാം.
1. വീട്ടിലേക്കുള്ള അവസാനത്തെ തീവണ്ടി.: ലോകത്തേറ്റവും വലിയ മനുഷ്യ ദേശാടനത്തിന്റെ കഥ പറയുന്നു. ചൈനയിലെ ഈ പട്ടണത്തില്‍നിന്നും ലക്ഷക്കണക്കിന് ആളുകള്‍ കുടുംബം ഒത്ത് പുതുവര്‍ഷം കൊണ്ടാടാന്‍ നാട്ടിലേക്ക് പോകുന്നു. ദേശാടനത്തെക്കുറിച്ച് കൈയ്യടക്കത്തോടെ കാണിച്ചുതരിക മാത്രമല്ല, തൊഴില്‍തേടിയുള്ള ഇത്തരം പറിച്ചുനടലുകള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണമായ സാമൂഹിക പ്രതിസന്ധികളും(തലമുറകള്‍ തമ്മിലുള്ളതടക്കം) വിശദീകരിച്ച് വികലമാക്കാതെ പരാമര്‍ശിക്കുകയും ചെയ്യുന്നു. കണ്ടുതീരുമ്പോള്‍ പണത്തേക്കാള്‍ വലിയ ചില മൂല്യങ്ങള്‍ ആണ്(അല്ലെങ്കില്‍ മൂല്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ്) കാഴ്ച്ചക്കാരന് കൂടെക്കൊണ്ടുപോകുക.
ഫെസ്റ്റിവലില്‍ ഏറ്റവും വലിയ കാത്തിരിപ്പുനിര ഉണ്ടായ ഡോക്കുമെന്ററി ഇതായിരുന്നു. (അമേരിക്കക്കാര്‍ ‘ക്യു’ എന്ന പദം ഉപയോഗിക്കാറില്ല എന്നും മനസിലായി!)
2. എന്നെ ശരിയാക്കൂ: പലസ്തീനില്നിന്നുമുള്ള ഒരു സിനിമാക്കാരന്, തന്റെ തലവേദനക്ക് ചികിത്സ തേടി മനശ്ശാസ്ത്ര ഉപദേശകന്റെ അടുത്ത് എത്തുന്നു. നീണ്ടുപോകുന്ന ഉപദേശ/വിനിമയ രംഗങ്ങളിലൂടെയും ഇടക്ക് വളഞ്ഞു വളഞ്ഞു പോകുന്ന വഴികളിലൂടെയും, പലസ്തീനിന്റെ സാമൂഹിക അസ്വസ്ഥതകളും, അതിലൂടെ തീര്‍ത്തൂം ബലഹീനമായ ഒരു സാമൂഹിക സന്തുലിതാവസ്ഥയും വിശദീകരിക്കാന്‍ ശ്രമിക്കുന്നു. രംഗങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന ഒട്ടകങ്ങളെപ്പോലെ, തീര്‍ത്തും പതിയെ മുടന്തി നീങ്ങുന്ന ദൃശ്യങ്ങളിലൂടെ കാഴ്ചക്കാരനില്‍ അസ്വസ്ഥത പരത്തുകയും ചെയ്യുന്നു.
ഇത്തവണ നേരത്തെ പാസുകള്‍ തരപ്പെടുത്തിയെങ്കിലും, പ്രതീക്ഷിച്ചത്ര നിലവാരമുള്ള ഇനങ്ങള്‍ പതിവുള്ളത്രയും കണ്ടതായി തോന്നിയില്ല.
ചില ചിത്രങ്ങള്‍: